Monday, October 23, 2006

എന്റെ ഗ്രാമത്തിന്റെ ഏടുകള്‍- 1


ഇത്‌ വാസുപ്പണിക്കരുടെ കഥയാണ്‌.......ഞാന്‍ ജനിച്ചു വളര്‍ന്ന പൗഡിക്കോണം എന്ന കൊച്ചു ഗ്രാമത്തിലെ വെളുത്തേടന്‍ ആയിരുന്നു വാസു.....വാസുവിന്റെ വെളുത്തേടത്തിയുടെ പേര്‌ ശാന്ത...അവര്‍ക്ക്‌ 6 മക്കള്‍..... 2 ആണും 4 പെണ്ണും.അതില്‍ ഇളയ രണ്ടു പെണ്‍കുട്ടികള്‍ ഇരട്ടകള്‍ ആണ്‌, കണ്ടാല്‍ അങ്ങനെ തോന്നില്ല എങ്കിലും..... അവര്‍ കാണാന്‍ നല്ല ചേലുള്ളവര്‍ ആണ്‌.....

വാസു നല്ലോണ്ണം കുടിക്കും........കുടുംബം നോക്കാത്തവന്‍ ആണ്‌ അയാള്‍ എന്ന്‌ പറഞ്ഞു കൂടാ....മൂത്തവള്‍ പ്രസന്നയുടെ കല്യാണം അയാള്‍ കെങ്കേമമായി നടത്തി....രണ്ടാമത്തെ മകളുടെ കല്യാണം ആയപ്പോള്‍ ഒന്നുമില്ല ആ പാവത്തിന്റെ കയ്യില്‍ സ്‌ത്രീധനമായി കൊടുക്കാന്‍....അപ്പോള്‍ മൂത്തവളുടെ കെട്ടിയോന്റെ മഹാമനസ്കത കൊണ്ടു പ്രസന്നയുടെ ആഭരണങ്ങള്‍ ഇളയവള്‍ക്കു നല്‍കി....പക്ഷെ ആ കല്യാണം ഒരു ദുരന്തമായിരുന്നു..തത്തയ്ക്ക്‌ ഒരു മകനെ സമ്മാനിച്ച്‌ ആ പുതുമണവാളന്‍ പൊടിയും തട്ടി പോയി....വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ മടങ്ങി വന്നുവെങ്കിലും തത്തയ്ക്കു അയാളെ വേണ്ടെന്നു പറഞ്ഞു......നോക്കേണ്ട കാലത്ത്‌ നോക്കാതെ കുട്ടി വളര്‍ന്നപ്പോള്‍ വന്നിരിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു വേണ്ട........കണ്ടവന്റെ വീട്ടില്‍ എച്ചില്‍ പാത്രം കഴുകിയും തുണി അലക്കിയും അവള്‍ മോനെ പോറ്റുന്നു......

വാസുവിന്റെ രണ്ട്‌ ആമ്പിള്ളേരും നല്ല തല തിരിഞ്ഞ കേസുകള്‍ ആണ്‌.മൂത്തവന്‍ ഒരു ഗുണ്ട.....പക്ഷെ പുറമെയ്ക്കു ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍..ഇളയവന്‍ അത്ര തല്ലിപൊളി അല്ലെങ്കിലും 21 വയസ്സായപ്പോള്‍ തന്നെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ കണ്ണും കൈയ്യും കാണിച്ചു മയക്കി അവളെയും കൊണ്ട്‌ ഒളിച്ചോടിയവന്‍....തനിക്കു താഴെ പുര നിറഞ്ഞു നില്‍ക്കുന്ന രണ്ട്‌ അനിയത്തിമാരെ പറ്റി ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല അവന്‍.....നാടുവിട്ടുപോയി രണ്ടു ദിവസം കഴിഞ്ഞ്‌ പോലീസ്‌ തപ്പി പിടിച്ചു തിരികെ കൊണ്ടു വന്ന്‌ രണ്ടിന്റെയും കെട്ട്‌ നടത്തി....അങ്ങനെ 21 വയസ്സായപ്പൊള്‍ അവനൊരു കുടുംബവും ആയി...

ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഇരട്ടകുട്ടികളില്‍ ഒരാളുടെ കല്യാണം ഉറപ്പിച്ചു.....പക്ഷെ അത്‌ എങ്ങനെ നടത്തുമെന്ന്‌ വാസുവിനൊ ശാന്തയ്ക്കൊ ഒരു പിടിയും ഇല്ല.....അവര്‍ എവിടെ നിന്നൊക്കെയൊ കാശ്‌ സംഘടിപ്പിച്ച്‌ ഉറപ്പിക്കല്‍ നന്നായി നടത്തി....ഞങ്ങളുടെ സ്ഥിരം അലക്കുകാരനാണ്‌ വാസു...അത്‌ മാത്രമല്ല വാസുവും ആയുള്ള ബന്ധം...അമ്മാമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്‌, ഞങ്ങള്‍ താമസിക്കുന്ന സ്ഥലം ആദ്യം വാസൂന്റെ അമ്മയുടേത്‌ ആയിരുന്നു എന്നും അവരില്‍ നിന്ന്‌ അച്ഛമ്മയും അപ്പൂപ്പനും കൂടി ആ സ്ഥലം വാങ്ങിയതാണെന്നും.....ആ ഒരു അടുപ്പം വാസുവും കുടുംബവും ഞങ്ങളോട്‌ എപ്പോഴും കാണിച്ചിരുന്നു, പ്രത്യേകിച്ച്‌ ആ ഇരട്ട കുട്ടികള്‍....എന്നെക്കാള്‍ രണ്ടൊ മൂന്നൊ വയസ്സിനു മൂപ്പുണ്ടായിരുന്നു അവര്‍....

ഹിസ്റ്ററി അവിടെ നില്‍ക്കട്ടെ......ഉറപ്പിക്കല്‍ കഴിഞ്ഞു കല്യാണതീയതി കുറിച്ചു....അതിനിടയില്‍ വാസുവിന്റെ കുടിയും ഉപദ്രവവും കൂടി...വളരെ താമസിയാതെ കല്യാണം നടക്കേണ്ട ഒരു വീട്‌....അവിടെ ആണെങ്കിലൊ, നിത്യവും രാത്രി നിലവിളിയും മറ്റു ബഹളങ്ങളും...കല്യാണത്തിനായി സ്വരൂപിച്ചു വച്ചിരിക്കുന്ന കാശ്‌ ചേട്ടന്‍‍ അടിച്ചു കൊണ്ടു പോകുക.....തടയാന്‍ ചെല്ലുന്ന അമ്മയെയും സഹോദരിമാരെയും അടിക്കുക....അങ്ങനെ അങ്ങനെ ഓരൊ കലാപരിപാടികള്‍...
അങ്ങനെ ഓണം വന്നെത്തി....പക്ഷെ നാട്‌ മുഴുവന്‍ തിരുവോണത്തിനെ വരവെല്‍ക്കാന്‍ പുലര്‍ന്നപ്പോള്‍ വാസുവിന്റെ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു....വാസു റോഡില്‍ മരിച്ചു കിടക്കുന്നു....വിരോധോഭാസം എന്നു പറയട്ടെ, അയള്‍ മരിച്ചത്‌ ഹാര്‍ട്ട്‌ അറ്റക്ക്‌ വന്നിട്ടായിരുന്നു, ആ മനുഷ്യന്‍ തലേന്ന്‌ ഒരു തുള്ളി പോലും കുടിച്ചിട്ടുണ്ടായിരുന്നില്ല......

അങ്ങനെ ആ കല്യാണം നീണ്ടു....നീണ്ടു നീണ്ട്‌ ചിലപ്പോള്‍ നടക്കില്ല എന്നൊരു അവസ്ഥയില്‍ എത്തി.....പിന്നെ ആരുടെയൊക്കെയൊ നല്ല മനസ്സു കൊണ്ട്‌ അവര്‍ ഒരു തീയതി നിശ്ചയിച്ചു....കല്യാണം വിളിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തയ്യാറാകാഞ്ഞതിനാല്‍ ഇരട്ടകള്‍ രണ്ടും കൂടി തന്നെ കല്യാണം വിളിക്കാന്‍ ഇറങ്ങി..പാവം തോന്നി നാട്ടുകാര്‍ സംഭാവന കൊടുത്തു.......അങ്ങനെ ഒരു വിധം ആ കല്യാണം നടന്നു....അവളുടെ ഭര്‍ത്താവ്‌ നല്ല മനുഷ്യനായിരുന്നു....അയാള്‍ മുന്‍`കൈ എടുത്ത്‌ അവസാനത്തെ കുട്ടിയുടെ കല്യാണം നടത്തി ...ഇപ്പോള്‍ അവര്‍ക്കു രണ്ടു പേര്‍ക്കും കുട്ടികള്‍ ഒക്കെ ആയി, നല്ല കുടുംബ ജീവിതം നയിക്കുന്നു...ശാന്ത ഇപ്പോള്‍ തത്തയുടേയും മകന്റെയും കൂടെ ആണെന്നു കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ പോയപ്പോള്‍ നാട്ടുവിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞത്‌ ഓര്‍ക്കുന്നു..

0 Comments:

Post a Comment

<< Home